|
എഴുത്തച്ഛന്‍ പുരസ്കാരം കോവിലന് |
|
|
|
|
ലേഖകന്‍/ലേഖിക സുനില്‍
|
|
തിങ്കള്‍, 09 ആഗസ്റ്റ് 2004 |
കുന്നംകുളം: ഭാഷയിലും സാഹിത്യത്തിലും തട്ടകത്തിന്റെ ഉള്‍ക്കരുത്ത് ചേര്‍ത്ത കോവിലന് എഴുത്തച്ഛന്‍പുരസ്കാരം.
സാംസ്കാരിക-വിദ്യാഭ്യാസവകുപ്പുമന്ത്രി എം.എ.ബേബി കോവിലന്റെ അരികന്നിയൂരിലുള്ള വസതിയിലെത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അവാര്‍ഡ് നിര്‍ണ്ണയസമിതി അംഗങ്ങളോടൊപ്പം തിങ്കളാഴ്ച രാവിലെ 11നാണ് മന്ത്രി കോവിലന്റെ വീട്ടിലെത്തിയത്.
സമഗ്രസംഭാവന പരിഗണിച്ചാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനത്തിന് കോവിലനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കസേരയിലിരുന്ന കോവിലന്റെ കൈ പിടിച്ച് മന്ത്രി അവാര്‍ഡ് വിവരം പ്രഖ്യാപിച്ചപ്പോള്‍ എഴുത്തുകാരന്റെ കണ്ണ് നിറഞ്ഞു. അല്‍പനേരം നിശ്ശബ്ദനായിരുന്ന അദ്ദേഹം തന്റെ ഇടതുപക്ഷത്തിനിതു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ എന്ന് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു. മരിച്ചുപോയ ഭാര്യയെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
യാദൃച്ഛികമായാണ് ഇന്നത്തെ ഈ പ്രഖ്യാപനമെന്ന് മന്ത്രി സൂചിപ്പിച്ചു. കേരളപ്പിറവിയുടെ 50-ാം വാര്‍ഷികത്തില്‍ ഈ പുരസ്കാരത്തിന് ഏറ്റവും അര്‍ഹന്‍ കോവിലനാണ്. കോവിലനെപ്പോലെ കൈത്തഴക്കം വന്ന ഒരെഴുത്തുകാരന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ മന്ത്രി, അവാര്‍ഡ്‌തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് കോവിലന് സമ്മാനിച്ചു. സാഹിത്യഅക്കാദമിയില്‍ നവംബറില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ഔദ്യോഗികമായി പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവ സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
നേരത്തേ തരേണ്ടതായിരുന്നു ഈ പുരസ്കാരമെന്നും വൈകിപ്പോയതില്‍ ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞപ്പോള്‍, മരിച്ചതിനുശേഷമായിരിക്കും ഇത്തരത്തിലൊരെണ്ണം എന്നു കരുതിയെന്ന് കോവിലന്‍ പറഞ്ഞു.
കോവിലന്‍കൃതികളെക്കുറിച്ചുള്ള ചര്‍ച്ച ഉടന്‍തന്നെ സംഘടിപ്പിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന, സാഹിത്യ അക്കാദമി പ്രസിഡന്റ് എം.മുകുന്ദന്‍ പറഞ്ഞു. ജോര്‍ജ് ഓണക്കൂര്‍, രാവുണ്ണി, സാഹിത്യ അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍നായര്‍, ബാബു എം.പാലിശ്ശേരി എം.എല്‍.എ., അശോകന്‍ ചെരുവില്‍, കോര്‍പ്പറേഷന്‍ മേയര്‍ ആര്‍. ബിന്ദു എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കേരള സര്‍വ്വകലാശാലാ മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാലമോഹന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍, കേരള യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ ഡോ. ജമീല ബീഗം, എക്സ് ഒഫീഷ്യോ അംഗം സാഹിത്യ അക്കാദമി പ്രസിഡന്റ് എം.മുകുന്ദന്‍ എന്നിവരടങ്ങുന്ന അവാര്‍ഡുനിര്‍ണ്ണയസമിതിയാണ് കോവിലനെ എഴുത്തച്ഛന്‍പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
|
|
അവസാനം പരിശോധിക്കപ്പെട്ടത് ( ബുധന്‍, 01 നവംബര്‍ 2006 )
|